ആലക്കോട്: കോടികൾ ചെലവിട്ട് നിർമിച്ച് ഉദ്ഘാടനം ചെയ്ത ആലക്കോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തുറന്നു കൊടുത്തില്ല. ഉദ്ഘാടനം കഴിഞ്ഞ ഒന്പത് മാസം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാഞ്ഞതോടെ വാഹന ഉടമകൾ ഇവിടെ പാർക്കിംഗ് കേന്ദ്രമാക്കി മാറിയിരിക്കുകയാണ്.
പഞ്ചായത്ത് ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളോടെ നിർമിച്ച കമ്യൂണിറ്റി ഹാളാണ് യഥാർഥ ലക്ഷ്യത്തിലെത്താതെ അടഞ്ഞു കിടക്കുന്നത്. പഴയ കമ്യൂണിറ്റി ഹാളിൽ സൗകര്യമില്ലാത്തതിനാലായിരുന്നു പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയത് നിർമിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി സജീവ് ജോസഫ് എംഎൽഎയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടത്തിനകത്തെ പണി പൂർത്തീകരിക്കാൻ ബാക്കിയുള്ളതിനാലാണ് തുറന്നു കൊടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം ബന്ധപ്പെട്ടവർ കാട്ടുന്ന അനാസ്ഥയാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കുന്നത് വൈകിക്കുന്നതെന്ന ആരോപണവും ശക്തമാണ്. നേരത്തെ പഞ്ചായത്തിന്റെ വിധ പരിപാടികൾ, പൊതുചടങ്ങുകൾ എന്നിവ കമ്യൂണിറ്റി ഹാളിലായിരുന്നു നടത്തിയിരുന്നത്. ഇതിനു പുറമേ വിവാഹമുൾപ്പടെയുള്ള സ്വകാര്യ ചടങ്ങുകൾക്കും കമ്യൂണിറ്റി ഹാൾ വാടകയ്ക്ക് നൽകിയിരുന്നു. ഇതിലൂടെ പഞ്ചായത്തിന് വരുമാനവും ലഭിച്ചിരുന്നു. കമ്യൂണിറ്റി ഹാൾ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.